ഷബ്നം

മകരപുലരിയിൽ ശീതമായി മന്ദം തഴുകും അനിലനായി മതി മറന്നൊരു സ്വപ്നമായി മഞ്ഞായി പെയ്തൊരു ഷബ്നം. വിണ്ണിൽ പിറന്നൊരു കണികയായ് മണ്ണിൽ പതിക്കും മുത്തമായി മൃദുലതരളിത സ്പൃക്തിയായി മേനിയിൽ തഴുകി ഷബ്നം. ഹിമ താഴ്വരയിലെ കോടയായി അകലെ പുകമറ പോലെ വെളിച്ചമായി മങ്ങിയ കാഴ്ചകളിൽ ശ്വേത ബിന്ദു പോലീ ഷബ്നം. തണുത്തു കോച്ചിടും രാവുകളിൽ വിറകൊള്ളിടും മരവിപ്പിൽ കുളിരു കോരിടും ആർദ്ര നിമിഷം പ്രണയ സാന്ദ്രമായി ഷബ്നം. കടലാസ് പൂക്കൾ തളിരിടുമ്പോൾ നയന മനോഹാരിയായി നീ തളിർത്തിടും തളിരിലകളിൽ തുഷാരം മുത്തിയ ഷബ്നം. മാർകഴി നോയമ്പിൻ രാവുകളും ദൈവകുഞ്ഞാടിൻ പിറവിയും ശരണം വിളിയും തൈ പൊങ്കലും ഭക്തിയിൽ ലയിച്ചീടും ഷബ്നം. വെള്ള പുതച്ച ഗിരി ശൃംഗങ്ങൾ തെന്നലിലുലയും പൈൻ മരങ്ങൾ കണ്ണഞ്ചിപ്പിച്ചീടും ദൃശ്യങ്ങൾ ഹേമന്ത ഋതുമതി ഷബ്നം.