ഇര


നിറം മങ്ങിയ കടലാസ് കീറുപോലെ

ശോഷിച്ചു വിളറിയ വദനവും

രക്തപ്രസാദമാരോ തീണ്ടിയത് പോലെ

വരണ്ടു ;മരുപ്രദേശം കണക്കെ.

 

തളർന്നതെങ്കിലും കുഴിഞ്ഞ കണ്ണുകൾ

വീർത്തു പീളകെട്ടി ഉറഞ്ഞു തൂർന്നതോ.

കാർന്നെടുത്തു കാഴ്ച കോട മൂടിയപോൽ

കാർമേഘാവൃതം ഇരുണ്ടു കൂടുന്നു.

 

തളച്ചിട്ടതെന്തെ ചങ്ങലയാൽ കാലുകൾ

തഴമ്പിച്ചു മനസും ദേഹമെന്നപോൽ.

തല്ലി ചതഞ്ഞു തൊലിയുരിഞ്ഞ വടുക്കൾ

വെന്തെരിഞ്ഞു നീറുന്നു കരിന്തിരി പോലെ.

 

ഇരുളിൽ തനിച്ചാണ് പേടിയാകുന്നു

തിരളും നിലാവേ കൂട്ട് വന്നീടുമോ.

തനിയെ ഇരിക്കുമ്പോൾ കൂട്ടിനെത്താറുണ്ട്

നുറുങ്ങു വെട്ടത്തിൽ മിന്നാമിനുങ്ങുകൾ.

 

ജാലകത്തിലൂടെത്തിനോക്കുന്ന അരണ്ട

വെട്ടമായ് വഴിവിളക്കു തെല്ലാശ്വാസമായ് .

അരിച്ചു കയറുന്നിതാ നെഞ്ഞിപ്പേനുകൾ

തരിച്ചു പോയ്‌ ;പുഴുത്തു ദേഹവും.

 

എത്രനാൾ ബന്ധിയായ്  കഴിയണമാർത്തയായ്

സഹിക്കവയ്യ നൊമ്പരം കടിച്ചമർത്തുന്നു.

മർത്യാ നിൻകാമന നിറവേറ്റും ബൊമ്മയല്ലിവൾ

സ്വാതന്ത്ര്യം മോഹിക്കും സ്ത്രീത്വത്തിൻ കൊടിക്കൂറ.

 

ഇനിയുമീ ചോരകൊതി എന്തിന് വെറുതെ

നിൻ ദാഹം ശമിപ്പാൻ രക്തം കിനിക്കുന്നു.

മാംസപിണ്ഡമല്ല ജീവൻ തുടിക്കും ആത്മാവവൾ.

 

വരിഞ്ഞു മുറുകിയ ചങ്ങല പാടുകളിൽ

നിന്നുതിർന്നു ചോർന്ന നിണത്തിൽ നിന്നവൾ

പുനരപി പിറക്കുന്നു;പ്രതികാരാഗ്നിയിൽ

സ്വാതന്ത്ര്യത്തിന്റ പതാകയും ഉയർത്തി....




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഞാനൊരു ദാസി

പാദസരം

പാട്ടിന്‍റെ പാലാഴി